വർഷങ്ങൾ എത്ര പെട്ടെന്നാണ് പോയത്.
പതിനാറു വർഷം മുൻപുള്ള ഒരു ജൂൺ 28 . അന്ന് ഒരു വ്യാഴാച്ചയായിരുന്നു.
ആ സുദിനത്തിൽ ശ്രീ പൂർണത്രയേശൻറെ മുന്നിൽവെച്ചു ബാലുവേട്ടൻ എൻെറ കഴുത്തിൽ താലി ചാർത്തിയത്. അദ്ദേഹത്തിൻെറ വലംകയ്യിൽ എൻെറ വലംകൈ എൻെറ അച്ഛൻ ചേർത്ത് വെച്ചപ്പോൾ അനുഭവിച്ച സുരക്ഷിതത്വം, സന്തോഷം, അഭിമാനം. ഒരു ചെറിയ കാലയളവിലേക്കാണെങ്കിലും എനിക്ക് ബാലുവേട്ടൻെറ ജീവിതത്തിൻെറ ഭാഗവുമാവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു.
ആ നന്മവൃക്ഷത്തിൻെറ തണലിൽ ഞാൻ അനുഭവിച്ച സുരക്ഷിതത്വം സ്നേഹം ആത്മവിശ്വാസം ധൈര്യം.
പതിനാറു വർഷവും ഞങ്ങൾ വിവാഹവാർഷികം ആഘോഷിച്ചിരുന്നത് ഗുരുവായൂരപ്പന്റെ മുന്നിലാണ്. ഇന്ന് രാവിലെ ഒറ്റയ്ക്ക് പൂർണത്രയേശൻറെ മുൻപിൽ നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി. എന്നാലും ഒരുപാട് സന്തോഷം. ആ വ്യക്തിയുടെ സ്വന്തമാകാൻ എനിക്ക് ഭാഗ്യം ലഭിച്ചതിൽ. ഭഗവാനോട് ഹൃദയം നിറഞ്ഞു നന്ദി പറഞ്ഞു.
ബാലുവേട്ടൻെറ ആത്മാവ് എപ്പോഴും എൻെറ കൂടെ ഉണ്ടെന്ന് പൂർണത്രയേശൻ പറയാതെ പറഞ്ഞത് പോലെ. ഒരു ധൈര്യം വീണ്ടും ലഭിക്കുന്നു.
ഉറച്ച കാലടികളോടെ, ആത്മാഭിമാനത്തോടെ ജീവിതയാത്ര തുടരാൻ; ഒറ്റക്കല്ല എന്ന ഒരു ഉറപ്പു ലഭിച്ചത് പോലെ.