top of page

ആട്ടവിളക്കിൻെറ ശോഭയിൽ ഒരു സായാന്ഹനം

കേരളത്തിൻെറ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന ശ്രീ പൂർണത്രയേശൻറെ മണ്ണ്. എൻെറ പ്രിയപ്പെട്ട തൃപ്പൂണിത്തുറ. ഇവിടുത്തെ ഓരോ മണൽ തരിയിലും കലയുടെ താളം അടങ്ങിയിരിക്കുന്നു. പുരാതനമായ കോവിലകങ്ങളും ചുറ്റോടു ചുറ്റും കാണുന്ന ക്ഷേത്രങ്ങളും ഈ മണ്ണിൻെറ പൈതൃകം സാക്ഷ്യപ്പെടുത്തുന്നു. ഒരു കഥകളിയോ സംഗീത കച്ചേരിയോ ഇല്ലാതെ ഒരു വാരാന്ത്യവും കടന്നു പോവാറില്ല ഇവിടെ. തൃപ്പൂണിത്തുറയിൽ ജനിച്ചു വളർന്ന ഏതൊരു വ്യക്തിയുടെയും മനസ്സിൽ കഥകളിക്കുള്ള സ്ഥാനം ഊഹിക്കാവുന്നതേയുള്ളു.



എൻെറ മനസ്സിൽ കഥകളിയോടുള്ള പ്രണയം വളർന്നതിനു ഒരു പ്രധാന കാരണം എൻെറ ബാലുവേട്ടൻ ആണ്. ഗോപിയാശാൻ പച്ച തേക്കുന്ന അവസരങ്ങളിൽ മുടങ്ങാതെ ആ ആട്ടവിളക്കിനു മുന്നിൽ എത്താൻ ശ്രമിച്ചിരുന്നു ഞങ്ങൾ. ആറുമാസകാലത്തിനു ശേഷം കളിവിളക്കിൻെറയും കേളികൊട്ടിൻെറയും ആഘോഷത്തിമിർപ്പിലേക്ക് ഒരു തിരിച്ചു വരവ്. ഒരു ആസ്വാദകയായി. ഈ പ്രാവശ്യം ബാലുവേട്ടൻ എൻെറ അടുത്തിരിപ്പുണ്ട് എന്ന ചിന്തയോടെ.


ഈ കഴിഞ്ഞ ശനിയാഴ്ച ജൂൺ രണ്ടാം തീയതി ശ്രീ കലാമണ്ഡലം ശ്രീകുമാർ അവർകളുടെ ഷഷ്ട്ട്യബ്ദപൂർത്തി ആഘോഷം തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽവെച്ചു കഥകളിപ്രേമികളുടെയും ആസ്വാദകരുടെയും സഹകരണത്തോടുകൂടി നടന്നു.




അന്നത്തെ സായാന്ഹത്തിൽ അവിടെ ചെന്ന എനിക്ക് രംഭാപ്രവേശവും നൃത്തസമന്യയവും കാണുവാൻ സാധിച്ചു. സ്ത്രീ സൗന്ദര്യത്തിൻെറ എല്ലാ കൂട്ടുകളെയും കോർത്തിണക്കികൊണ്ടുള്ള ഭാവാവിഷ്കാരത്തിനു ജീവൻ നൽകിയ ശ്രീ ചമ്പക്കര വിജയൻെറ രംഭയും, പൗരുഷവും അഹങ്കാരവും വീര്യവും പ്രതിഫലിക്കുന്ന ശ്രീ കലാമണ്ഡലം രവികുമാറിൻെറ രാവണനും.










ഇതിനെല്ലാം മാറ്റുകൂട്ടുന്ന ശ്രീ കോട്ടക്കൽ മധുവിൻെറയും കലാമണ്ഡലം വിനോദിൻെറയും ഭാവാത്മകമായ സംഗീതവും ഒത്തുചേരുമ്പോൾ ആനന്ദലബ്ദിക്ക് ഇനിയെന്തു വേണം?! ആനന്ദഭൈരവിയുടെയും നീലാംബരിയുടെയും രീതിഗൗളയുടെയും ശാസ്ത്രീയമായ സാധ്യതകൾ പ്രേക്ഷകൻെറ മനസ്സിൽ ആസ്വാദനനിർവൃതി ഉണർത്തി.



അതിനു ശേഷം പ്രശസ്ത നർത്തകി ശ്രീമതി പാരീസ് ലക്ഷ്മി ഒഡീസി നർത്തകി ശ്രീമതി അഭയലക്ഷ്മി എന്നിവർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം-ഒഡീസി നൃത്തസമന്വയവും കാണുവാനായി. നൃത്തദേവനായ നടരാജൻെറ സ്തുതിയും മഹാകാളി സ്തുതിയും രാധാമാധവഃ സംഗമവും എല്ലാം മനസ്സിൽ നിറഞ്ഞു.


കല വളരട്ടെ. കലയിലൂടെ തൃപ്പൂണിത്തുറ ഇനിയും പെരുമ നേടട്ടെ! ശ്രീ പൂർണത്രയേശൻറെ മണ്ണിൽ ജനിക്കാൻ ഭാഗ്യമുണ്ടായത് എൻെറ മുജ്ജന്മസുകൃതമായി കരുതുന്നു ഞാൻ.

bottom of page