top of page
Search

സമർപ്പണം.. എന്റെ ബാലുവേട്ടന്!

  • Writer: Sowmya Balagopal
    Sowmya Balagopal
  • May 29, 2018
  • 1 min read

ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ ബാലുവേട്ടൻ... എന്റെ കുടുംബം, ഒരുപിടി നല്ല സുഹൃത്തുക്കൾ, ഇതിനെല്ലാം ഉപരി ശ്വാസോച്‌വാസ്സംപോലെ ജനിച്ചപ്പോൾ മുതൽ ഞാൻ പ്രണയിക്കുന്ന എന്റെ നൃത്തം.


സോഷ്യൽ മീഡിയ ഇത്രയും കാലം എന്നെ അകർഷിച്ചിരുന്നേയില്ല. പിന്നെ എന്തു കൊണ്ടിപ്പോൾ?


ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പ്രതീക്ഷിക്കാതെ വരുന്ന ഓരോ സംഭവങ്ങൾ ഉണ്ട്. അതൊരുപക്ഷേ നമ്മളെ തളർത്തും.അല്ലെങ്കിൽ അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട്, ഒരു പുതിയ ഊർജ്ജവുമായി, ഭഗവാൻ നമ്മുക്ക് വരദാനമായി നൽകിയ ഈ ചെറിയ മനുഷ്യ ജീവിതം ഏറ്റവും അർത്ഥവത്തായും മനോഹരമായും നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കും.

ഈ കഴിഞ്ഞ പതിനാറു വർഷങ്ങൾ ഞാൻ എന്റെ ബാലുവേട്ടനുമായി ഞങ്ങളുടെ കൊച്ചു ലോകത്തിൽ ഒരുപാട് പിണക്കങ്ങളും അതിലേറെ സ്നേഹവുമായി ജീവിക്കുകയായിരുന്നു.

അവിടെ, ഞാൻ ഒരുപാട് സ്നേഹിക്കുന്ന എന്റെ നൃത്തവും ഉണ്ടായിരുന്നു.

സ്വപ്‌നങ്ങൾ എല്ലാം സ്വരുക്കൂട്ടി, ആ സ്വപ്നങ്ങൾക്ക് മഴവില്ലിന്റെ ഏഴഴക് നല്കുന്നതിനിടക്ക്, വിധിയുടെ ഒരു തമാശപോലെ എന്റെ ബാലുവേട്ടനെ എന്റെ കൈകളിൽ നിന്നും ഭഗവാൻ തിരിച്ച് എടുത്തു. എന്തു ചെയ്യണം, എങ്ങിനെ പ്രതികരിക്കണം എന്ന് അറിയാതെ പകച്ചുപോയ നിമിഷം.


ജീവിതം എന്റെ മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി. വാതിലടച്ച് മുറിക്കുള്ളിൽ ആറു മാസം ചിലവഴിച്ചു. പലപ്പോഴും ഉറങ്ങാൻ ഉറക്ക ഗുളികകളെ ആശ്രയിച്ചു. എന്റെ നഷ്ടത്തിന്റെ ആഴവും പരപ്പും എനിക്കും ഭഗവാനും മാത്രം മനസ്സിലാകുമായിരുന്നു.


ഇരുപത്തിനാലു മണിക്കൂറും കൂടെ നടന്നിരുന്ന എന്റെ തന്നെ ഭാഗമായ ആൾ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി. ഇനിയൊരിക്കലും ആ ശബ്ദം കേൾക്കില്ല, സ്നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള ആ കരസ്പർശം ഏൽക്കാൻ സാധിക്കില്ല, അദ്ദേഹത്തെ ഒന്ന് തൊടുവാൻ സാധിക്കില്ല, ഈ തിരിച്ചറിവുകൾ എല്ലാം നൽകുന്ന വേദന. വിഷാദരോഗത്തിന് അടിമയാകുമോ എന്നു ഭയന്ന സന്ദർഭത്തിൽ ഈശ്വരൻ ഒരുപിടി നല്ല വ്യക്തികളെ എന്റെ അടുത്തേക്ക് അയച്ചു.


വീണ്ടും നൃത്തം ചെയ്യണമെന്നും,വീടിനു പുറത്തു ഇറങ്ങണമെന്നും ഏറ്റവും നന്മയോടു കൂടി തന്നെ മുന്നോട്ട് ജീവിക്കണമെന്നും പറഞ്ഞു ധൈര്യം തന്നു.

ഞാനും ബാലുവേട്ടനും ഒരുപാട് സ്നേഹിച്ച ഞങ്ങളുടെ ഒരു കുഞ്ഞനുജത്തി, ലച്ചു, അവളാണ് എന്നെ ഈ ഒരു മാധ്യമത്തിലേക്കു വരുവാനും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും പ്രേരിപ്പിച്ചത്.



കാലം മായ്ക്കാത്ത വേദനകളില്ല, ഉണക്കാത്ത മുറിവുകളില്ല. എന്റെ ബാലുവേട്ടന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഓർമ്മകൾ, മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഞാൻ ഈ യാത്ര തുടരുന്നു. സോഷ്യൽ മീഡിയയിലൂടെ നർത്തകി എന്നു എന്റെ സ്വപ്നങ്ങളും മോഹങ്ങളും എന്റെ പരിമിതിയിൽ ഉള്ള അറിവുകളും നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.


എല്ലാ നല്ലമനസ്സുകൾക്കും എന്റെ കലാജീവിതത്തിലേക്കു സ്വാഗതം!

+917090741985

©2018 by borntodance. Proudly created with Wix.com

bottom of page